മുംബൈ: നഗരത്തെ ചെങ്കടലാക്കി അവകാശങ്ങള്‍ പിടിച്ചു വാങ്ങിയ കര്‍ഷക സമരം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ‘പ്രഹരമായി’
മഹാരാഷ്ട്രയില്‍ സ്വാധീനമില്ലാതിരുന്നിട്ടും കര്‍ഷകരെ ഫലപ്രദമായി സംഘടിപ്പിച്ച് രാജ്യത്തിന് മാതൃകയായ സമരം നടത്തിയ സി.പി.എം നിലപാട് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയാണ് സ്വന്തം പാര്‍ട്ടി നേതാക്കളെ ശാസിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ വലിയ സ്വാധീനമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കേണ്ടിയിരുന്ന സമരമായിരുന്നു ഇതെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടതത്രെ.
പ്രമുഖ മറാത്തി മാധ്യമമാണ് മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവില്‍ നിന്നും ലഭിച്ച സുപ്രധാന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭക്ക് ഇത്രയധികം കര്‍ഷകരെ 200 ഓളം കിലോമീറ്റര്‍ നടത്തി സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞത് ഗൗരവമായി കണ്ട് അടിയന്തരമായി ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് രാഹുല്‍ നല്‍കിയിരിക്കുന്ന ഉപദേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശിവസേന – ബി.ജെ.പി ‘ഉടക്കില്‍’ മഹാരാഷ്ട്രയില്‍ വലിയ നേട്ടമുണ്ടാക്കാമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് ചെമ്പട ഇപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.
ഇതാണ് രാഹുല്‍ ഗാന്ധിയെ അസ്വസ്ഥമാക്കുന്നത്. പാര്‍ട്ടി നേതൃയോഗങ്ങള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
‘എ.സി റൂം രാഷ്ട്രീയ പ്രവര്‍ത്തനം’ അവസാനിപ്പിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.
അതേ സമയം മഹാരാഷ്ട്രയില്‍ സമരം വിജയമായ സാഹചര്യത്തില്‍ കര്‍ഷക പ്രതിഷേധമുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, യു.പി, എന്നിവടങ്ങളിലും സമാന സമരത്തിന് സി.പി.എം ഒരുങ്ങുമെന്ന മുന്നറിയിപ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ കടുത്ത സമരത്തിലേക്ക് കടക്കും മുന്‍പ് പ്രശ്‌ന പരിഹാരം ഉണ്ടാക്കാനാണ് നിര്‍ദ്ദേശം.
അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ സി.പി.എം നീക്കത്തെ ഗൗരവമായാണ് ബി.ജെ.പി നേതൃത്വം നോക്കിക്കാണുന്നത്.
വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ പരമ്പരാഗതമായ സ്വാധീനമോ, നിയമസഭയിലെ അംഗബലമോ ആവശ്യമില്ലന്ന് മഹാരാഷ്ട്രയിലെ കര്‍ഷക സമരം തെളിയിച്ചതാണ് കാവിപ്പടയുടെ ഉറക്കം കെടുത്തുന്നത്.
കേന്ദ്രത്തില്‍ മോദിയുടെ രണ്ടാമൂഴത്തിന് രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിജയം ബി.ജെ.പിയെ സംബന്ധിച്ച് അനിവാര്യമാണ്.
യു.പിയിലാകട്ടെ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി – ബി.എസ്.പി ധാരണയുണ്ടായ സാഹചര്യത്തില്‍ ലോക് സഭ തിരഞ്ഞെടുപ്പ് കടുപ്പമാകുമെന്നാണ് വിലയിരുത്തല്‍.
ബി.ജെ.പിക്ക് ഏറ്റവും അധികം ലോക് സഭാ അംഗങ്ങളെ നല്‍കിയ സംസ്ഥാനമാണ് യു.പി.
ഈ സംസ്ഥാനങ്ങളിലെല്ലാം മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളികളെ നേരിടാമെന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് ഉണ്ടെങ്കിലും മഹാരാഷ്ട്ര മോഡല്‍ ലോങ്ങ് മാര്‍ച്ചുമായി സി.പി.എം പിന്തുണയോടെ കര്‍ഷകര്‍ വന്നാല്‍ എങ്ങനെ നേരിടുമെന്നതില്‍ മാത്രമാണ് ആശങ്ക.
ഒട്ടിയ വയറുമായും വിണ്ടുകീറിയ ,ചോര പൊടിയുന്ന . . പാദങ്ങളുമായും കൊടും ചൂടിനെ അവഗണിച്ച് 200 കിലോമീറ്ററോളം നടന്ന സ്ത്രീകളും വൃദ്ധന്‍മാരും കുട്ടികളുമടങ്ങുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മുഖങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടങ്ങളുടെയും ഉറക്കം കെടുത്തി തുടങ്ങിയിട്ടുണ്ട്.
ഖദറില്‍ വിയര്‍പ്പ് പൊടിയുന്ന സമരത്തിന് കോണ്‍ഗ്രസ്സ് പോകില്ലന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ക്കാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത്.
കര്‍ഷക സമരത്തിന് രാജ്യത്തിന്റെയാകെ പിന്തുണ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിനാല്‍ ഇനി ഏത് സംസ്ഥാനത്തും കര്‍ഷകരെ സംഘടിപ്പിക്കല്‍ സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലന്നും അവര്‍ക്ക് നന്നായി അറിയാം.
കര്‍ഷകര്‍ക്കൊപ്പം കിടന്നും അവരിലൊരാളായി നടന്നും വീണ്ടു കീറുന്ന കാലുമായി സി.പി.എം കര്‍ഷക സംഘടനാ നേതാക്കള്‍ മഹാരാഷ്ട്രയില്‍ നടത്തിയ സമരം തങ്ങളുടെ സംസ്ഥാനത്തും നടത്തിയാല്‍ ‘പണി’ പാളുമെന്ന ആശങ്കയിലാണ് ബി.ജെ.പി ഭരണകൂടങ്ങള്‍.
നിലവില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ചെറിയ രൂപത്തിലുള്ള സമരം ഇവിടങ്ങളില്‍ കിസാന്‍ സഭ തുടങ്ങിയിട്ടുണ്ട്.ഇത് മഹാപ്രവാഹമായി മാറാതിരിക്കാനാണ് കാവിപ്പട ആഗ്രഹിക്കുന്നത്.
റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍