മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കിസാന്‍ സഭയുടെ ലോങ് മാര്‍ച്ച് മുംബൈ ആസാദ് മൈദാനിലെത്തി. അരലക്ഷത്തോളം വരുന്ന കര്‍ഷകരുടെ നാസിക്കില്‍ നിന്നുള്ള കാല്‍നട മാര്‍ച്ച് ഇന്നലെ രാത്രിയോടെയാണ് മുംബൈയിലെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിധാന്‍ സഭ വളയല്‍ സമരക്കാര്‍ ഉപേക്ഷിച്ചു. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സമരക്കാരുമായി ചര്‍ച്ച നടത്തും.
മാര്‍ച്ച് മുംബൈയിലെത്തിയതോടെ വിധാന്‍ സഭ വളയല്‍ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമരക്കാരോട് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് കണ്ടാണ് വിധാന്‍ സഭ വളയല്‍ സമരക്കാര്‍ ഉപേക്ഷിച്ചത്. രാവിലെ സമരക്കാരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
മുംബൈ നഗരപ്രാന്തത്തിലുള്ള സയണില്‍ തമ്പടിച്ച സമരക്കാര്‍ രണ്ടു മണിയോടെയാണ് ആസാദ് മൈദാനിലേക്ക് നീങ്ങിയത്. ശിവസേന നേതാവ് ആദിത്യ താക്കറെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാക്കള്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് പിന്തുണയുമായെത്തിയിരുന്നു. സിപിഐ, കോണ്‍ഗ്രസ്, എന്‍സിപി, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി തുടങ്ങിവര്‍ നേരത്തെ തന്നെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.