ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കിസാന്‍ ന്യായ്’ ഗ്യാരന്റി എന്ന പേരില്‍ അഞ്ച് പദ്ധതികള്‍ ആണ് കോണ്‍ഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയത്.
‘കിസാന്‍ ന്യായ്’ ഗ്യാരന്റിയുടെ വിശദാംശങ്ങള്‍ എക്സ് പ്ലാറ്റ്‌ഫോം വഴിയാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുളള ആദ്യത്തെ ചുവടുവെപ്പ് മാത്രമാണ് ഈ അഞ്ച് പദ്ധതികളെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നികുതി ഒഴിവാക്കുന്നതിനായി ജിഎസ്ടി വ്യവസ്ഥയില്‍ ഭേദഗതി വരുത്തും. കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി പുതിയ ഇറക്കുമതി-കയറ്റുമതി നയം ഉറപ്പാക്കും. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാറ്റം വരുത്തി വിളനാശമുണ്ടായാല്‍ 30 ദിവസത്തിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനും വായ്പ എഴുതിത്തള്ളാനുള്ള തുക നിശ്ചയിക്കുന്നതിനുമായി കാര്‍ഷിക വായ്പ ഒഴിവാക്കല്‍ കമ്മീഷന്‍ രൂപീകരിക്കും. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം എംഎസ്പിക്ക് നിയമപരമായ പദവി ഉറപ്പാക്കും എന്നിവയാണ് പദ്ധതികള്‍.