ടിക്കായത്തിനു പോലും ആത്മവിശ്വാസം നൽകിയത് കെ.കെ രാഗേഷ് എം.പി

കൊടിയ പ്രതിസന്ധിയിലും കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് ഇപ്പോള്‍ ആത്മവിശ്വാസം നല്‍കിയിരിക്കുന്നത് സി.പി.എം നേതാക്കള്‍. ഗാസിപ്പൂര്‍ ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റാനുള്ള പൊലീസ് നീക്കം തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ്, സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ വഹിച്ചിരിക്കുന്നത്. കിസാന്‍സഭാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, ജോയിന്റ് സെക്രട്ടറിമാരായ വിജൂ കൃഷ്ണന്‍, കെ കെ രാഗേഷ് എംപി, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവര്‍ ഷാജഹാന്‍പൂരിലെ സമര കേന്ദ്രത്തില്‍ നിന്നും ഗാസിപുരിലെ സമര കേന്ദ്രത്തിലെത്തിയതോടെയാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്.

 

ഇവര്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തുമായി ചര്‍ച്ച നടത്തി സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്നാണ്, രാജദ്രോഹ കുറ്റം അടക്കം ചുമത്തപ്പെട്ട രാകേഷ് ടിക്കായത്ത് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതോടെയാണ് ടിക്കായത്ത് കീഴടങ്ങുമെന്ന അഭ്യൂഹത്തിനും അറുതിയായിരുന്നത്. വെടിവെച്ച് കൊന്നാല്‍ പോലും പിന്‍മാറില്ലന്ന പ്രഖ്യാപനം, കിസാന്‍സഭ നേതാക്കളുടെ സാന്നിധ്യത്തിലാണ് ടിക്കായത്ത് പ്രഖ്യാപിച്ചിരുന്നത്. രാജ്യസഭാംഗം കൂടിയായ കെ.കെ രാഗേഷിനെ ചൂണ്ടിക്കാട്ടി ടിക്കായത്ത് പറഞ്ഞ വാക്കുകള്‍ സി.പി.എമ്മിനും കിസാന്‍ സഭക്കുമുള്ള അംഗീകാരം കൂടിയാണ്.

‘അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതാവ് മാത്രമല്ല എം. പി കൂടിയാണ് രാഗേഷ് എന്ന് ഓര്‍മ്മിപ്പിച്ച ടിക്കായത്ത്, ഇദ്ദേഹമാണ് രാജ്യസഭയില്‍ ഈ മൂന്നു നിയമങ്ങളും കൊണ്ട് വന്നപ്പോള്‍ ശക്തമായി എതിര്‍ത്ത് സസ്‌പെന്‍ഷന്‍ വാങ്ങിയവരില്‍ പ്രധാനിയെന്നും പ്രത്യേകം ചൂണ്ടിക്കാട്ടുകയുണ്ടായി. രാഗേഷ് ഇവിടെ വന്നത് കേവലം പ്രസംഗിക്കാന്‍ വേണ്ടി മാത്രമല്ല, പൊലീസ് അക്രമം നടത്തിയാല്‍ പ്രതിരോധിക്കാന്‍ കൂടിയാണ്. നമ്മുടെ സുഹൃത്ത് രാഗേഷ് ജി നമ്മോടൊപ്പം എപ്പോഴും മുന്നില്‍ തന്നെയുണ്ടാകും. ജയിലില്‍ പോകണമെങ്കില്‍,എത്ര ദിവസമായാലും നമ്മളോടൊപ്പം ജയിലിലും അദ്ദേഹം ഉണ്ടാകുമെന്നും ടീക്കായത്ത് കര്‍ഷകരോട് വ്യക്തമാക്കുകയുണ്ടായി. ഈ പ്രഖ്യാപനം കര്‍ഷകര്‍ക്ക് വലിയ ആവേശം പകര്‍ന്നപ്പോള്‍ ചങ്കിടിച്ചത് ഭരണകൂടത്തിനാണ്.

 

യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടാണ് ഗാസിപ്പൂരിലെ ഒഴിപ്പിക്കല്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനായി വലിയ തോതില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. എന്നാല്‍, കര്‍ഷകരെ ഒഴുപ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ ആ നീക്കം പൊലീസ് ഉപേക്ഷിക്കുകയാണുണ്ടായത്. ടിക്കായത്തിനെ അനുനയിപ്പിക്കാനുള്ള ശ്രമവും പാളുകയുണ്ടായി. ഡല്‍ഹി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തൊന്നും പുറത്തിറങ്ങാന്‍ പറ്റാത്ത വകുപ്പുകളാണ് ടിക്കായത്ത് ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ക്കെതിരെയും പൊലീസ് ചുമത്തിയിരിക്കുന്നത്. മരണം വരെ പോരാടാന്‍ തങ്ങളും ഉണ്ടാകുമെന്ന ഉറപ്പാണ് കിസാന്‍ സഭ നേതാക്കള്‍ ടിക്കായത്തിനും സംഘത്തിനും നല്‍കിയിരിക്കുന്നത്. ഇത് ഗാസിപ്പൂരിലെ സമരക്കാര്‍ക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൊലീസിന്റെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന ഇടപെടലായിരുന്നു ഇത്. ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ സ്ഥലത്തെത്തി സമ്മര്‍ദ്ദം ചെലുത്തിയിട്ടും അറസ്റ്റിന് ടിക്കായത്ത് വഴങ്ങാതിരുന്നത് പൊലീസിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കര്‍ഷകര്‍ ആവശ്യങ്ങള്‍ നേടും വരെ ഇവിടെ തന്നെയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പും ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ സംഘടിച്ചെത്തിയ സാഹചര്യത്തില്‍ പിന്‍വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന റിപ്പോര്‍ട്ടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.

 

കര്‍ഷകരെ ഒഴിപ്പിക്കാന്‍ വേദിയിലെത്തിയ ബിജെപി എംഎല്‍എയെയും കൂട്ടാളികളെയും പ്രക്ഷോഭകര്‍ ആട്ടിപ്പായിച്ചതും യു.പി ഭരണകൂടത്തിന് തിരിച്ചടിയായിട്ടുണ്ട്. എന്തും നേരിടാന്‍ തയ്യാറാണെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ ബി.ജെ.പി നേതൃത്വത്തിനും കര്‍ഷകര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണത്തോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കിസാന്‍ സഭ നേതാക്കള്‍ തന്നെയാണ് ഈ നിര്‍ദ്ദേശവും മുന്നോട്ട് വച്ചിരുന്നത്. ഇതിനിടെ, ഗാസിപൂരിന് പുറമെ സിന്‍ഘുവിലും ടിക്രിയിലും കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ തമ്പടിച്ചിട്ടുണ്ട്.

സിംഗുവില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു വിഭാഗം ആളുകള്‍ സമരകേന്ദ്രം അക്രമിക്കുകയുണ്ടായി. കര്‍ഷകരും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.ബി.ജെ.പി സ്‌പോണ്‍സേഡ് ആക്രമണമാണ് നടന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എത്ര അടിച്ചോടിച്ചാലും പ്രക്ഷോഭം തുടരുമെന്നത് തന്നെയാണ് അവരുടെ നിലപാട്. ആക്രമിച്ചിട്ടും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടും കര്‍ഷകര്‍ സമര കേന്ദ്രത്തിലേക്ക് ഇരച്ചെത്തുന്നത് കേന്ദ്ര സര്‍ക്കാറിനെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഡല്‍ഹി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേസില്‍ കുടുക്കിയും ജയിലിലടച്ചും ഒരു വിഭാഗത്തെ സമരത്തിനെതിരെ തിരിച്ചു വിട്ടും അടിച്ചമര്‍ത്താം എന്ന പ്രതീക്ഷക്കേറ്റ തിരിച്ചടി കൂടിയാണിത്.

 

കര്‍ഷക പ്രക്ഷോഭം വലിയ ബഹുജന പ്രക്ഷോഭമായി മാറുന്നതോടെ വലിയ പ്രതിസന്ധിയാണ് ബി.ജെ.പി നേരിടുക. പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരള നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍. മോദിയുടെയും യോഗിയുടെയും സ്വന്തം യു.പിയിലെ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷമാണ് നടക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കാര്‍ഷിക നിയമം കാവിപ്പടയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായി മാറാനാണ് എല്ലാ സാധ്യതയും.

 

Top