കോഴിക്കോട്: പുതുവര്‍ഷത്തില്‍ കോഴിക്കോട് വീണ്ടും ചുംബനസമരം. സവര്‍ണ ഫാസിസത്തിനെതിരെ മുദ്രവാക്യമുയര്‍ത്തി ഞാറ്റുവേല സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.
സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, ചിത്രരചനയിലുടെ പ്രതിരോധ ബാരിക്കേഡ് നിര്‍മ്മാണം, കെട്ടുതാലി ചൂട്ടെരിക്കല്‍, പങ്കാളിത്ത ജീവിത പ്രഖ്യാപനം എന്നിവയാണ് പ്രതിഷേധപരിപാടികളെന്ന് ഞാറ്റുവേല പ്രവര്‍ത്തകര്‍ അറിയിച്ചു.
എന്നാല്‍ പരിപാടിക്കു നേരേ ബോംബെറിയുമെന്ന് ഹിന്ദുത്വശക്തികളും ഹനുമാന്‍സേനക്കാരും ഭീഷണിപ്പെടുത്തിയതായി സംഘാടകര്‍ ആരോപിക്കുന്നു.
കെട്ടുതാലി പൊട്ടിച്ച് എറിഞ്ഞ് ജാതിമേല്‍ക്കോയ്മയുടെയും പുരുഷാധിപത്യത്തിന്റെയും അടിവേര് അറുക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ആഹ്വാനം ചെയ്യുമെന്ന് ഞാറ്റുവേല ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട മനുഷ്യ സംഗമം വിവാദമായിരുന്നു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു.