ഡല്‍ഹി: കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്ന് കേരളത്തിനോട് സുപ്രീംകോടതി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ കമ്മീഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന്‍ നല്‍കാനുള്ളത്. 13 മാസത്തെ കമ്മീഷനില്‍ മൂന്ന് മാസത്തെ മാത്രം കൊടുത്ത സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശിക നല്‍കിയിരുന്നില്ല. ഇതിനെതിരെയുള്ള വ്യാപാരികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും വിജയം കണ്ടത്. ഓള്‍ കേരള റീട്ടെല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.
ഏതാണ്ട് അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നത്. കാര്‍ഡുകള്‍ കൂടുതലുളള റേഷന്‍ കടകള്‍ക്ക് അമ്പതിനായിരം രൂപയോളം കിട്ടാനുണ്ടെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. സംസ്ഥാനത്ത് മൊത്തം ഇങ്ങനെ നല്‍കാനുളള തുക കോടികള്‍ വരും. അഭിഭാഷകന്‍ എം.ടി ജോര്‍ജ്ജ് വ്യാപാരികള്‍ക്കായി ഹാജരായി.