കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നത്
അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു. എന്റെ വ്യവസായത്തപ്പറ്റിയെല്ലാം നേരത്തെ തെലങ്കാന വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ താത്പര്യമറിയിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നത്. ഇതിനായി തെലുങ്കാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാന സര്‍ക്കാര്‍ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിനൊപ്പം ഡയറക്ടര്‍മാരായ ബെന്നി ജോസഫ്, കെ എല്‍ വി നാരായണന്‍, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിള്‍, ജനറല്‍ മാനേജര്‍ സജി കുര്യന്‍ എന്നിവരും സംഘത്തിലുണ്ടാകും.