ബംഗളൂരു: ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച കെ.ജെ. ജോര്‍ജ് വീണ്ടും മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.
ബംഗളൂരു വികസന മന്ത്രിയായിരുന്ന ജോര്‍ജിന് സി.ഐ.ഡി അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് ലഭിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അനുമതി നല്‍കിയത്
കാവേരി പ്രശ്‌നം തണുത്ത ശേഷം തിരിച്ചെടുക്കാനായിരുന്നു നിര്‍ദേശം. നേരത്തെ വഹിച്ചിരുന്ന ബംഗളൂരു നഗരവികസന വകുപ്പ് തന്നെയാകും ഇദ്ദേഹം കൈകാര്യം ചെയ്യുക. ജോര്‍ജിന്റെ രാജിക്ക് ശേഷം ഈ വകുപ്പ് മറ്റാര്‍ക്കും നല്‍കിയിരുന്നില്ല.
ജൂലൈ ഏഴിനാണ് മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തന്നെ ഭീഷണിപ്പെടുത്തുന്നതായും ജീവന് ഭീഷണിയുണ്ടെന്നും ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ച് മംഗളൂരു പടിഞ്ഞാറന്‍ റെയ്ഞ്ചിലെ ഡിവൈ.എസ്.പി ഗണപതി സ്വകാര്യ ലോഡ്ജിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ദിവസങ്ങളോളം പ്രക്ഷോഭം നടത്തിയിരുന്നു. ഗണപതിയുടെ മകന്‍ നെഹാല്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 18ന് മടിക്കേരി ജെ.എഫ്.എം.സി കോടതി മന്ത്രിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചതോടെ രാജിവെക്കുകയായിരുന്നു.