കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് താനാണെന്ന അവകാശവാദവുമായി കെകെ മുഹമ്മദ് റാഷിദ് രംഗത്ത്

മലപ്പുറം: കുറ്റിപ്പുറം മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് താനാണെന്ന അവകാശവാദവുമായി യുവാവ്. പ്രസിഡന്റായി തെരഞ്ഞെടുത്തയാളെ കണ്ടെത്തനാകാതെ തുടരുന്നിതിനിടെയാണ് കെകെ മുഹമ്മദ് റാഷിദ് അവകാശവാദവുമായി രംഗത്തെത്തിയത്. സംഘടനാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെന്ന് മുഹമ്മദ് റാഷിദ് വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. ഞാന്‍ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോണ്‍ഗ്രസുകാരന്‍ എന്ന തലക്കെട്ടോടുകൂടിയാണ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കുറ്റിപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

ഇയാളുടെ കുടുംബം ലീഗ് കുടുംബമാണെന്നും സഹോദരന്‍ SDPIയുടെ സജീവ പ്രവര്‍ത്തകന്‍ ആണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഘടനാ ചുമതല കെകെ റാഷിദ് ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക പക്ഷമോ കോണ്‍ഗ്രസോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കുറ്റിപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രസിഡന്റ് അജ്ഞാതനാണെന്ന് തിരിച്ചറിയുന്നത്. വോട്ടുചെയ്ത് ജയിപ്പിച്ചവര്‍ക്കുപോലും ആളെയറിയില്ല. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദാണ് അജ്ഞാതനായി തുടരുന്നത്. 40 വോട്ടിനാണ് റാഷിദ് വിജയിച്ചത്. ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച റാഷിദ് ആരെന്ന് അന്വേഷിക്കുകയാണിപ്പോള്‍ പ്രവര്‍ത്തകര്‍.

Top