ആദിവാസി ഭൂമി കൈയേറ്റത്തിന്റെ വസ്തുതകള്‍ അന്വേഷിക്കാന്‍ കെ.കെ രമ നാളെ അട്ടപ്പാടിയില്‍

കോഴിക്കോട്: ആദിവാസി ഭൂമി കൈയേറ്റത്തിന്റെ വസ്തുതകള്‍ അന്വേഷിക്കാന്‍ കെ.കെ രമ എം.എല്‍.എ നാളെ അട്ടപ്പാടിയില്‍. ആദിവാസികളെ വംശീയമായി തുടച്ചു നീക്കി ഭൂമി പിടിച്ചെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നീക്കം നടത്തുന്നുവെന്ന ആദിവാസികളുടെ പരാതി അന്വേഷിക്കാനാണ് അട്ടപ്പാടി സന്ദര്‍ശിക്കുന്നത്.

കേരളത്തിലെ ദലിത് -ആദിവാസി -ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും വസ്തുത അന്വേഷണ സംഘത്തോടൊപ്പം പങ്കെടുക്കുമെന്ന് സുകുമാരന്‍ അട്ടപ്പാടി മാധ്യമം ഓണ്‍ലൈനോട് പറഞ്ഞു. അട്ടപ്പാടിയുടെ ചരിത്രത്തിലെ വന്‍ഭൂമി കൈയേറ്റമാണ് സമീപകാലത്ത് ഭൂമാഫിയ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂപരിധിയില്‍ ഇളവ് കിട്ടാന്‍ വേണ്ടി പലരും ട്രസ്റ്റുകള്‍ രൂപീകരിച്ചാണ് ഭൂമി കൈയേറ്റം നടത്തുന്നത്. പല ട്രസ്റ്റുകളുടെയും അംഗങ്ങള്‍ ഒരു കുടുംബത്തിലെ സഹോദരങ്ങളാണ്. അവരില്‍ ചിലര്‍ റിസോര്‍ട്ടുകളും നിര്‍മിച്ചു.

വനഭൂമിയോട് ചേര്‍ന്ന റവന്യൂ ഭൂമിയും സര്‍വേ ചെയ്തിട്ടില്ലാത്ത ഭൂമിയും ആദിവാസികള്‍ പാരമ്പര്യമായി കന്നുകാലി വളര്‍ത്തുന്ന പ്രദേശങ്ങളും ഭൂമാഫിയ കൈയേറുന്നുണ്ടെന്നാണ് ആദിവാസികളുടെ പരാതി. ലാന്‍ഡ് റവന്യൂ കമീഷണര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പാലക്കാട് കലക്ടര്‍ തുടങ്ങിയവര്‍ക്ക് ആദിവാസികള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതികളിന്മേല്‍ റവന്യൂ വകുപ്പ് ഗൗരവമായ അന്വേഷണം നടക്കുത്തുന്നില്ലെന്നും ആദിവാസികള്‍ ആരോപിക്കുന്നു.

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കുന്ന മാഫിയ സംഘത്തിനെതിരെ എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റവന്യൂവകുപ്പോ സര്‍ക്കാര്‍ സംവിധാനമോ ഇതിന് തയാറാകുന്നില്ല. അട്ടപ്പാടിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഭൂ മാഫിയകളുമായിട്ടുള്ള ബന്ധം സുതാര്യമായ അന്വേഷണത്തെ തടയുന്നു. അതിനാല്‍ വില്ലേജ് – താലൂക്ക് ഓഫിസുകളിലെ റിപ്പോര്‍ട്ടുകള്‍ ആദിവാസികള്‍ക്ക് എതിരാകുന്നുവെന്നാണ് അവരുടെ ആരോപണം.

Top