കോഴിക്കോട്: ബലാത്സംഗക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ.രമ. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂര്‍വ്വവും ആകേണ്ടതുണ്ടുണ്ടെന്നും രമ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
‘പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കപ്പെടുംവരെ തങ്ങള്‍ നിര്‍വ്വഹിക്കുന്ന ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാര്‍മ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമുണ്ട്.
സ്ത്രീപീഡനമടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ സമീപകാല കേരളത്തിലുണ്ട്’ എന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്. ക്രിമിനൽ കേസുകളിലുൾപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങൾ നിർവ്വഹിക്കുന്ന ചുമതലകളിൽ നിന്ന് മാറി നിൽക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാർമ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.
സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ട്. എതിരാളികളിൽപെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും തങ്ങളിൽ പെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
സമാനമായ ഒരാരോപണവും കേസും നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല.എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോൺഗ്രസ്/യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂർവ്വവും ആകേണ്ടതുണ്ട്.