കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റേയും നിലപാടാണെന്ന് കെ കെ രമ എംഎല്‍എ. കൊവിഡ് പശ്ചാത്തലം പറഞ്ഞു പ്രതികള്‍ക്ക് പരോള്‍ നീട്ടി നല്‍കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.
ക്രിമിനലുകള്‍ക്ക് വിളയാടാനുള്ള ഫലഭൂയിഷ്ഠമായ മണ്ണായി കേരളം മാറിയെന്നും രമ പറഞ്ഞു. ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ നിന്ന് പിടികൂടിയ പശ്ചാത്തലത്തിലാണ് കെ കെ രമയുടെ പ്രതികരണം.
വയനാട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ ടി പി വധകേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പ്രതികരണവുമായി വടകര എംഎല്‍എ കൂടിയായ കെകെ രമ രംഗത്തെത്തിയത്. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നാണ് കണ്ടെത്തിയത്. കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍വെച്ചാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.