മത്സ്യതൊഴിലാളികള്‍ക്ക് ഉടന്‍ സഹായമെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് കെകെ രമ

കോഴിക്കോട്: മത്സ്യതൊഴിലാളികള്‍ക്ക് സമ്പാദ്യ നിധിയില്‍ നിന്ന് അടിയന്തരമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. ലോക് ഡൗണും ഒപ്പം ശക്തമായ കടല്‍ക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമാണ്. സഹായ നിധിയില്‍ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല.

വര്‍ഷത്തില്‍ സപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികള്‍ നല്‍കുന്ന 250 രൂപയില്‍ നിന്നാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെകെ രമയുടെ അഭ്യര്‍ത്ഥന. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാല്‍ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടന്‍ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

 

Top