പാലക്കാട്: പാലക്കാട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്‌ക്കെതിരേ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും വേഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ രീതിയില്‍ മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നായിരുന്നു കോടതി നിലപാട്.
കേസ് സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കൂ എന്ന വ്യക്തമായ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്ക് ശേഷമേ കോടതിയുടെ പരിഗണനയില്‍ രണ്ടു ഹര്‍ജികളും എത്തൂ. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി പത്തിനായിരിക്കും കോടതി തുറക്കുക.
ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റുക, ശബരിമലയിലെ മേല്‍നോട്ടത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടു ഹര്‍ജിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.