മട്ടന്നൂര്‍: ശുണ്ഠി കൂടുതലുള്ള ആളാണെങ്കിലും തന്റെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ ആരെയും അടിച്ചിട്ടില്ലെന്നു മന്ത്രി കെ.കെ.ശൈലജ.
മഹിളാ അസോസിയേഷന്‍ നേതാവിനെ ഭാസ്‌കരന്‍ മര്‍ദിച്ചുവെന്ന വാര്‍ത്തയെക്കുറിച്ചു മട്ടന്നൂരില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊതു സമൂഹത്തില്‍ പറയാന്‍ മടിയില്ല. തന്റെ ഭര്‍ത്താവു ശുണ്ഠി കൂടുതലുള്ള ആളാണ്. അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത സിപിഎം പ്രവര്‍ത്തകര്‍ മട്ടന്നൂരില്‍ കുറവാണ്. എന്നാല്‍ വഴക്കു കൂടിയവര്‍ ശത്രുവായി പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ദേഷ്യം മൂലം ആരെയും ഇതുവരെ അടിച്ചതായി അറിയില്ല. തല്ലുമായിരുന്നുവെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ ഭാര്യയായി ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകയെ തന്റെ ഭര്‍ത്താവ് തല്ലി എന്ന വ്യാജ പ്രചാരണം വ്യക്തിപരമായി വളരെയേറെ പ്രയാസം സൃഷ്ടിച്ചു. രാഷ്ട്രീയ ജിവിതത്തില്‍ ഇത്രയേറെ വിഷമം ഉണ്ടാക്കിയ കാര്യം വേറെയില്ല. ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങള്‍ പറഞ്ഞ ഷീലയും അവരുടെ ഭര്‍ത്താവ് രാജനും കുടുംബവും വളരെക്കാലമായി പാര്‍ട്ടിയിലുള്ളവരാണ്. പാര്‍ട്ടി നേതാവ് എന്ന നിലയ്ക്കും വ്യക്തിപരമായും ഷീലയും കുടുംബവും കെ.ഭാസ്‌കരനുമായി വളരെ നല്ല ബന്ധമാണുള്ളത്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഒട്ടേറെ സൗഹൃദങ്ങള്‍ കൊണ്ടുനടക്കുന്ന ആളാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് ദിവസം മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ ഷീലയോട് അല്‍പം കടുപ്പത്തില്‍ സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇല്ലാത്ത പരാതി വാര്‍ത്തയായതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിക്കോ കേന്ദ്ര കമ്മിറ്റിക്കോ പരാതി ലഭിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റിക്കു ലഭിക്കാത്ത പരാതി എങ്ങനെ ഡല്‍ഹി വാര്‍ത്തയായി വന്നു എന്നതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് എല്‍ഡിഎഫ് നല്‍കിയ സ്വീകരണത്തിലായിരുന്നു തൊണ്ടയിടറി വികാരനിര്‍ഭരമായി ശൈലജയുടെ പ്രസംഗം. തുടര്‍ന്നു പ്രസംഗിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എംഎല്‍എയും മറ്റ് എല്‍ഡിഎഫ് നേതാക്കളും ഈ വിഷയം പരാമര്‍ശിച്ചതേയില്ല.