കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഗുരുവായൂരില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.
ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.
ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.