കേരളം ഒറ്റക്കെട്ടായി കൊറോണയെ നേരിടും, ആരോഗ്യവകുപ്പിന്റെ കര്‍മ്മപദ്ധതി തയ്യാര്‍!

ആലപ്പുഴ: സംസ്ഥാനത്ത് 2 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്നാണ് അവര്‍ അറിയിച്ചത്. നേരത്തെ സംസ്ഥാനത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും വാര്‍ഡ് തുറന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിനി ആലപ്പുഴയില്‍ ചികിത്സയിലാണ്, ഈ സാഹചര്യത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തിലെ തീരുമാനങ്ങള്‍;

14 ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഡോ. രത്തന്‍ ഖേല്‍ക്കര്‍ ആലപ്പുഴയില്‍ താമസിച്ചാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും വൈകുന്നേരം എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരും. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് നികത്താനാണ് എല്ലാദിവസവും യോഗം ചേരുന്നത്. യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴിന് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കും. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 4 കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ ഒന്ന് പോസിറ്റീവാണ്.

120 പേര്‍ ആലപ്പുഴയില്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ചൈന, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. നമ്പര്‍ കൈവശമില്ലെങ്കില്‍ തൊട്ടടുത്ത ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. കാര്യങ്ങള്‍ ആരും മറച്ചുവയ്കരുത്. 28 ദിവസമാണ് നിരീക്ഷണത്തിനുള്ളത്. അത്രയും ദിവസം വീടുകളില്‍ നിന്ന് പുറത്തേക്ക് പോകരുത്. ഇത്തരം വീടുകളില്‍ സത്കാരമോ ചടങ്ങുകളോ നടത്തരുത്..

ഇതെല്ലാമാണ് യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് അറിയിച്ചത്.

Top