കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാവരും സെല്‍ഫ് ലോക്ക്ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക്ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗ നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. അതില്‍ അധികം ഉള്ള രോഗവ്യാപനം ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരും.
ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കൊവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. കേരളത്തില്‍ പ്രകൃതി ദുരന്തവും പകര്‍ച്ചവ്യാധിയും ഉണ്ടായപ്പോള്‍ കേന്ദ്രം വേണ്ടത്ര സഹായിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആവശ്യപ്പെട്ട തുകയുടെ അടുത്ത് പോലും അനുവദിച്ച് കിട്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ 10 ശതമാനം തുകയെങ്കിലും മാറ്റിവയ്ക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.