സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയമിച്ചെന്ന് കെ.കെ. ശൈലജ

kk shylaja

തിരുവനന്തപുരം: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ ബോര്‍ഡിലൂടെ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സൂസന്‍ കോടിയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസയും നേര്‍ന്നു.

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനായി സ്തുത്യര്‍ഹ സേവനമാണ് സാമൂഹ്യക്ഷേമ ബോര്‍ഡ് നിര്‍വഹിക്കുന്നത്. കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ സാമൂഹ്യക്ഷേമ ബോര്‍ഡ് നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. ഷെല്‍ട്ടര്‍ ഹോമുകളിലും സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും ലീഗല്‍ കൗണ്‍സില്‍മാരുടേയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റേയും സേവനം ലഭ്യമാക്കുക, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ ഒരുമിപ്പിക്കുന്നതിനും വളര്‍ച്ചയുടെ ഘട്ടത്തിലുണ്ടാകുന്ന വൈകാരിക മാനസിക പ്രശ്‌നങ്ങളില്‍ നിന്നും കുട്ടികളെ മുക്തരാക്കുന്നതിനും പീഡനങ്ങളില്‍ നിന്നും കുട്ടികളേയും സ്ത്രീകളേയും സംരക്ഷിക്കുന്നതിനുമായി ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍, വിവിധതരം പ്രശ്‌നങ്ങളില്‍പ്പെട്ട് അലയുന്ന സ്ത്രീകള്‍ക്ക് താത്ക്കാലികമായി സംരക്ഷണം നല്‍കുന്ന സ്വാധര്‍ ഗ്രഹ് തുടങ്ങിയ പദ്ധതികളും സാമൂഹ്യക്ഷേമ ബോര്‍ഡിന്റേതായിട്ടുണ്ട്.

കഴിഞ്ഞ 35 വര്‍ഷമായി സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൂസന്‍ കോടി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. കൊല്ലം പാലത്തറ എന്‍.എസ്. മെമ്മോറിയല്‍ കോഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയറക്ടര്‍, സുശീല ഗോപാലന്‍ ജെണ്ടര്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് സെന്ററിലെ നേതൃത്വ സ്ഥാനം, ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വിഡോസ് പ്രസിഡന്റ്, സാക്ഷരതാ മിഷന്‍ മാസ്റ്റര്‍ ട്രെയിനര്‍, കൊല്ലം കെയര്‍ ഹെല്‍ത്ത് ആന്റ് പാലിയേറ്റീവ് ഫെഡറേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1995-2000 ല്‍ കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി സ്‌കീം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍, വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍, സ്ത്രീ ശബ്ദം മാസികയുടെ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശിനിയാണ് സൂസന്‍ കോടി. ഭര്‍ത്താവ് പരേതനായ ജോര്‍ജ്ജ് കോടി.

Top