മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു കഴിഞ്ഞ ദിവസം രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്.
ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.