തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കുന്നതിന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചുവെന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ആഗ്രഹിക്കുന്നതായി തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞു. ഗവേഷണത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും വിവിധ പകര്‍ച്ചാവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ കണ്ടത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.