തിരുവനന്തപുരം: കൂട്ടിയ സ്വാശ്രയഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
മാനേജ്‌മെന്റുകളുമായി കരാര്‍ ഒപ്പിട്ട് പ്രവേശനനടപടി പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍, ഫീസ് കുറയ്ക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇത്തവണ 20 കോളേജുകള്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയതിനാല്‍ 1150 സീറ്റുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം മന്ത്രി ശൈലജ പറഞ്ഞു. പുതുതായി അംഗീകാരം ലഭിച്ച കണ്ണൂര്‍ കെ.എം.സി.ടി.യും കരാറിന് തയ്യാറാണ്. എസ്.യു. ടി.ക്കും 50 സീറ്റുകള്‍ അധികം ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 1225 ആയി ഉയരും.
നൂറുസീറ്റുള്ള ഓരോ കോളേജിലും താഴ്ന്ന വരുമാനക്കാരായ 20 കുട്ടികള്‍ക്ക് 25,000 രൂപയും 30 ശതമാനം കുട്ടികള്‍ക്ക് രണ്ടരലക്ഷവുമാണ് ഫീസ്. ഇത്രയും കുട്ടികള്‍ക്ക് കുറഞ്ഞഫീസില്‍ പഠിക്കാനാകുന്നത് ആദ്യമായാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഫീസില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞഫീസില്‍ പ്രവേശനം ലഭിച്ചതിനാല്‍ ധാര്‍മികമായി സര്‍ക്കാര്‍ നിലപാട് ശരിയാണ്.
അടുത്തവര്‍ഷം മുഴുവന്‍ സീറ്റുകളിലും അഖിലേന്ത്യാ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തേണ്ടതിനാല്‍ ഫീസ് നിര്‍ണയത്തിന് നിയമനിര്‍മ്മാണം വേണ്ടിവന്നേക്കുമെന്ന് അവര്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ മേല്‍നോട്ടമുണ്ടെങ്കിലും നടത്തിപ്പുച്ചെലവ് കണക്കാക്കിയാണ് അവര്‍ക്കും ഫീസ് നിര്‍ണയിച്ചു നല്കിയത്. കോളേജ് നഷ്ടത്തിലാണ്. അതിനാല്‍ പരിയാരത്തെയും ഫീസ് കുറയ്ക്കുന്നത് പ്രായോഗികമല്ല.
കരാറിന് വിരുദ്ധമായി തലവരിപ്പണം വാങ്ങുന്നതായ പരാതികളില്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കും. പ്രവേശനത്തിന് ജെയിംസ് കമ്മിറ്റിയുടെ കര്‍ശന മേല്‍നോട്ടമുണ്ട്. അവസാനഘട്ടത്തിലെത്തിയ പ്രവേശന നടപടി അലങ്കോലപ്പെടരുതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
അതേസമയം, പ്രവേശനം സംബന്ധിച്ച് ചൊവ്വാഴ്ച പ്രതീക്ഷിക്കുന്ന സുപ്രീം കോടതിവിധി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. വിധി എന്തായാലും അതനുസരിച്ച് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിനുശേഷം ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ എം. എല്‍.എ.മാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അനീഷ് എരിക്കണ്ണാമല, എസ്.ജി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.