സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനെതിരെ കെ.കെ. ശിവരാമന്‍

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനെതിരെ സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. ദൗത്യസംഘം മുഴുവന്‍ കയ്യേറ്റവും ഒഴിപ്പിക്കുമെന്നും ഈ നിലപാട് റവന്യൂ മന്ത്രി രാവിലെ പരസ്യമായി പറഞ്ഞതാണെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. റവന്യൂമന്ത്രി പറഞ്ഞതാണ് കളക്ടര്‍ അനുസരിക്കുക. മൂന്നാര്‍ മേഖലയിലെ മുഴുവന്‍ കയ്യേറ്റവുമൊഴുപ്പിക്കാന്‍ ദൗത്യസംഘത്തിന് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുക എന്നത് ഇടതുപക്ഷ നയമാണ്. ഒഴിപ്പിക്കരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ആരും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും ശിവരാമന്‍ വ്യക്തമാക്കി.

കയ്യേറ്റക്കാരെ കുടിയേറ്റക്കാരായ ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നും അഞ്ചരയേക്കര്‍ ഭൂമി കയ്യേറി കൈവശം വെച്ചയാള്‍ കുടിയേറ്റ കര്‍ഷകനാണെന്ന് തോന്നുന്നില്ലെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിവി വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ആയിരുന്നു കെക ശിവരാമന്റെ പ്രതികരണം.

എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സിവി വര്‍ഗീസിന്റെ പ്രതികരണം.

Top