ചെന്നൈ∙ നിതീഷ് റാണയും റിങ്കുസിങ്ങും പൊരുതി നിന്നതോടെ ചെന്നൈ സൂപ്പർ കിങ്സിനെ അട്ടിമറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായ കൊൽക്കത്ത ഒന്നു പതറിയെങ്കിലും പിന്നീട് പിടിച്ചു കയറുകയായിരുന്നു. 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് കൊൽക്കത്ത നേടിയത്.
43 പന്തിൽ നിന്ന് 54 റൺസ് എടുത്ത റിങ്കു സിങ്ങും 44 പന്തിൽ നിന്ന് 57 റൺസ് (നോട്ടൗട്ട്) എടുത്ത നിതീഷ് റാണയുമാണ് കൊൽക്കത്തയുടെ വിജയ ശിൽപ്പികൾ. റിങ്കു സിങ് റൺ ഔട്ട് ആയത് കൊൽക്കത്തയ്ക്ക് ക്ഷീണമായി.
ജേസൻ റോയ് –12, റഹ്മാനുല്ല ഗുർബാസ് –1, വെങ്കിടേഷ് അയ്യർ –9, ആന്ദ്ര റസൽ –2 (നോട്ടൗട്ട്) എന്നിങ്ങനെയാണ് കൊൽക്കത്തയുടെ റൺസ് നേട്ടം. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി, സുനിൽ നരൈൻ എന്നിവർ രണ്ടും ഷർദുൽ ഠാക്കൂർ, ൈവഭവ് അറോറ എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ കിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് എടുത്തത്. ആദ്യം ഇറങ്ങിയ ബാറ്റർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ ശിവം ദുബെയുടെ പരിശ്രമമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. മൂന്ന് ബോൾ മാത്രം ബാക്കി നിൽക്കെയാണ് ജഡേജ പുറത്തായത്. തുടർന്ന് ക്രീസിലിറങ്ങിയ ധോണിക്ക് രണ്ട് റൺസെ എടുക്കാനായുള്ളു.
ഋതുരാജ് ഗൈക്‌വാഡ് –17, ഡെവോൺ കോൺവെ –30, അജങ്ക്യ രഹാനെ –16, അമ്പാട്ടി റായിഡു –4, മൊയീൻ അലി –1, ശിവം ദുബെ 48 (നോട്ടൗട്ട്), രവീന്ദ്ര ജഡേജ 20 എന്നിങ്ങനെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ റൺസ് നേട്ടം. ദീപക് ചാഹർ ആണ് കൊൽക്കത്തയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത്.