മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെ ടീമിലെത്തുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 20 കളിക്കാരെ കണ്ടെത്താനുള്ള നിര്‍ദേശവും വന്നു കഴിഞ്ഞു. ഇതിനിടെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കെ എല്‍ രാഹുല്‍ ഇന്ത്യക്കായി കളിക്കാനിടയില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ സഹ പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍.
പരിക്കില്‍ നിന്ന് മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയശേഷം ഏതാനും അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും രാഹുലിന് ലോകകപ്പില്‍ അടക്കം നിര്‍ണായക മത്സരങ്ങളില്‍ അടിതെറ്റിയിരുന്നു. രോഹിത് ശര്‍മയുടെ അഭിവാത്തില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെങ്കിലും രാഹുലിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ഏകദിനങ്ങളിലും ടി20യിലും തുടക്കത്തിലെ രാഹുലിന്‍റെ മെല്ലെപ്പോക്കും അനാവശ്യ കരുതലും ഇന്ത്യക്ക് പല മത്സരങ്ങളിലും തിരിച്ചടിയാവുകയും ചെയ്തു.
സൂര്യകുമാര്‍ യാദവിന്‍റെ അഭാവത്തില്‍ നിലവില്‍ ഏകദിനങ്ങളില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന രാഹുലിന് സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുമ്പോള്‍ ഈ സ്ഥാനവും നഷ്ടമാകുമെന്നാണ് കരുതുന്നത്. അഞ്ചാം നമ്പറില്‍ മികച്ച പ്രകടനങ്ങളുമായി ശ്രേയസ് അയ്യര്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ആറാം നമ്പറില്‍ ഹാര്‍ദ്ദിക്കിനാവും സാധ്യത. ഓപ്പണര്‍ സ്ഥാനത്ത് ഇറങ്ങി ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ചുറി അടിച്ചതോടെ രാഹുലിനുള്ള സാധ്യത മങ്ങുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ രാഹുലിനെ ഏകദിന ലോകകപ്പ് ടീമിലെടുത്താലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാനിടയില്ലെന്നാണ് ബംഗാര്‍ പറയുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ മികവ് കാട്ടുന്നതും അദ്ദേഹം ടീമിനെ നയിക്കുന്ന രീതിയും രാഹുലിന് വലിയ വെല്ലുവിളിയാണെന്നും ഭാവി കണക്കിലെടുക്കുമ്പോള്‍ രോഹിത് ശര്‍മയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റെടുക്കുമെന്നും ബംഗാര്‍, ക്രിക് ഇന്‍ഫോയോട് പറഞ്ഞു.