പരിശീലനത്തിനിടെ പരിക്ക്; കെ.എല്‍.രാഹുൽ അവസാന ടെസ്റ്റുകളിലുണ്ടാകില്ല

സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സിഡ്‌നിയിൽ നാടക്കാനിരിക്കെ ഷമിയ്ക്കും ഉമേഷ് യാദവിനും പിന്നാലെ ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുലിനും പരിക്ക്. ഇതോടെ താരം ടീമില്‍ നിന്നും പുറത്തായി. അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കായി പരിശീലനം നടത്തുന്നതിനിടെയാണ് പരിക്ക് പറ്റിയതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ ഇടത് കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം അനുവദിച്ചു.

ആദ്യ രണ്ട് ടെസ്റ്റുകളിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. പരിക്കേറ്റ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പുറത്താവുന്ന അഞ്ചാം താരമാണ് രാഹുല്‍. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വിരാട് കോലി എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ജനുവരി ഏഴിനാണു ടെസ്റ്റ് തുടങ്ങുന്നത്.

Top