പരിക്കേറ്റ് പുറത്തായ താരം കെ എല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചുവരവിനുള്ള തീവ്ര ശ്രമങ്ങളില്‍

 

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ തിരിച്ചുവരവിനുള്ള തീവ്രമായ ശ്രമങ്ങളില്‍. കാലിലെ ശസ്‌ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ച് വരുന്ന രാഹുല്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് കെ എല്‍ രാഹുല്‍ നിലവിലുള്ളത്. എന്‍സിഎയിലെ പരിശീലനത്തിനും പരിശോധനയ്‌ക്കും ഇടയില്‍ വേദന കടിച്ചമര്‍ത്തുന്ന രാഹുലിനെ ചിത്രങ്ങളില്‍ കാണാം.

ഓഗസ്റ്റ് അവസാനം മുതല്‍ പാകിസ്ഥാന്‍ അതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിലൂടെ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായ രാഹുലിന് ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലെ ലോകകപ്പിന് മുമ്പ് ഫോമും ഫിറ്റ്‌നസും തെളിയിക്കേണ്ടതുണ്ട്. രാഹുലിനെ കൂടാതെ പേസര്‍ ജസ്‌പ്രീത് ബുമ്രയും ബാറ്റര്‍ ശ്രേയസ് അയ്യരും പരിക്ക് മാറി ഏഷ്യാ കപ്പിലൂടെ തിരിച്ചുവരും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ മടങ്ങിവരവിന് സമയമെടുക്കും. ലോകകപ്പ് ആകുമ്പോഴേക്കും റിഷഭിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. പരിക്കിലുള്ള താരങ്ങളെല്ലാം ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുണ്ട്.

ഐപിഎല്‍ 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ കെ എല്‍ രാഹുലിന്റെ വലത്തേ കാല്‍ത്തുടയ്‌ക്ക് പരിക്കേറ്റത്. ഇതോടെ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലില്‍ നിന്നും രാഹുല്‍ പുറത്തായിരുന്നു. പിന്നാലെ രാഹുല്‍ കാലിലെ ശസ്‌ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. ഏകദിനത്തില്‍ മധ്യനിര താരമായ രാഹുലിന് 45ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്. ഏകദിനത്തില്‍ വിക്കറ്റ് കീപ്പറുടെ റോളും രാഹുലിനുണ്ട്. രാഹുല്‍ പ്ലേയിംഗ് ഇലവനിലേക്ക് വന്നാല്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഒരു അധികം ബാറ്ററെയോ ബൗളറേയോ ഇന്ത്യന്‍ ടീമിന് കളിപ്പിക്കാം. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രാഹുല്‍ കളിക്കാന്‍ സാധ്യതയില്ല.

Top