തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്കായി വ്യാജ പേരും മേല്‍വിലാസവും നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സ്വദേശം ആയതുകൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയത്.
കെ എം അഭി എന്നത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കല്‍ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുല്‍ പറഞ്ഞത്. സുഹൃത്ത് ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയതെന്നും അഭിജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ,
ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.
ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്.
സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ് എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു. ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്? അത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.
ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ ‘ആരോഗ്യപ്രവർത്തകരെ’ അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്.
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും… ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും… ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും…. അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ് എന്നത് മാത്രമാണ്…ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.