മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി ഇന്നെടുക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാറപകടക്കേസില്‍ വാഹനം ഓടിച്ച ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം ശ്രീറാം ചികിത്സ തേടിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മൊഴിയാണ് ശേഖരിക്കുക.

ശ്രീറാം ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോ. അനീഷ് രാജിനെ അന്വേഷണസംഘ തലവന്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കൂടിയായ അനീഷ് രാജ് അന്വേഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

Top