കെഎം ബഷീര്‍ മരണം; ശ്രീറാം വെങ്കിട്ടരാമന് സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാമെന്ന് കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി. വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്. സൈബര്‍ സെല്‍ ഡി.വൈ.എസ്.പി തുടര്‍നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.

ദൃശ്യങ്ങള്‍ നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ കീഴിലുള്ള വിഷയത്തില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യത്തെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് കെ.എം ബഷീര്‍ മരണപ്പെടുന്നത്. 2019 ഓഗസ്റ്റ് ആറിനാണ് സംഭവം. കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

 

 

 

Top