കെ.എം ബഷീറിന്റെ മരണം; ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: കെഎം ബഷീറിന്റെ മരണത്തിന് ഇടയായ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നിലാണ് മൊഴി രേഖപ്പെടുത്തിയത്.

അതേസമയം, ശ്രീറാം വെങ്കിട്ട രാമനെതിരെ വീണ്ടും മൊഴി പുറത്തെത്തി. അപകടത്തില്‍ പെട്ട ബഷീറിനെ സ്‌കൂട്ടറില്‍ കയറ്റി വിടാന്‍ ശ്രീറാം ശ്രമിച്ചെന്നാണ് ദൃക്സാക്ഷി ജിത്തു മൊഴി നല്‍കിയിരിക്കുന്നത്. തന്റെ സ്‌കൂട്ടറിലാണ് കയറ്റി വിടാന്‍ ശ്രമിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഷഫീക്കായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മൊഴി നല്‍കി.

തുടര്‍ന്നാണ്, മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കയും ചെയ്തു.

അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Top