കോട്ടയം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ റോഡിലിട്ട് വലിച്ചിഴച്ച നടപടി ക്രൂരവും നിന്ദ്യവും അധാര്‍മ്മികവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം. പൊലീസ് ആസ്ഥാനത്തു നടന്ന സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.
കൂടാതെ സംഭവത്തില്‍ പ്രതിഷേധിച്ച് നിശാഗന്ധിയില്‍ നടക്കുന്ന ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം കേരള കോണ്‍ഗ്രസ്എം ബഹിഷ്‌ക്കരിക്കുമെന്ന് കെ എം മാണി അറിയിച്ചു.
ഏക മകന്‍ മരിച്ച അമ്മയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ മനസിലാക്കാതെ ഡിജിപിയുടെ ഓഫീസിന് മുമ്പില്‍ സമരം പാടില്ലെന്ന സാങ്കേതികത്വം പറഞ്ഞ് സമരക്കാരെ മര്‍ദ്ദിച്ചത് അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ല.
അമ്മയെ മര്‍ദ്ദിക്കാന്‍ പൊലീസ് കാണിച്ച ആവേശം ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാണിക്കണമായിരുന്നു. പലര്‍ക്കും പല നീതി എന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.