പാലാ: കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടാന്‍ സുധീരന്‍ മാത്രമല്ല കാരണക്കാരനെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി.
മലപ്പുറം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ നല്‍കുന്നത് യുഡിഎഫിലേയ്ക്കുള്ള തിരിച്ചുപോക്കിന്റെ ചവിട്ടുപടിയല്ലെന്നും താനുള്‍പ്പെടെ പാര്‍ട്ടി ഒന്നടങ്കം ലീഗിനുവേണ്ടി മലപ്പുറത്ത് പ്രചരണം നടത്തുമെന്നും കെ.എം. മാണി പറഞ്ഞു.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം സുനിശ്ചതമാണ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലീഗിനെ അറിയിച്ചിട്ടുണ്ടെന്നും കെ.എം.മാണി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് പോകുന്നത് കുഞ്ഞാലിക്കുട്ടിയ്ക്കും ലീഗിനും ഏറെ ഗുണം ചെയ്യുമെങ്കിലും സംസ്ഥാനത്തിന് അതൊരു നഷ്ടമാണെന്നും മാണി അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ തുടരണമെന്ന് ഏറ്റവും ആഗ്രഹിച്ചത് ലീഗാണെന്നും മാണി പറഞ്ഞു.
വി.എം.സുധീരന്റ രാജി യുഡിഎഫിലേയ്ക്ക് മടങ്ങിവരവിുള്ള അവസരമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണ-പ്രതിപക്ഷ കക്ഷികളുടെയും ബിജെപിയുടെയും വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. ഏറെ പ്രതീക്ഷയോടെ വന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പലമേഖലകളിലും പരാജയപ്പെട്ടു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സംസ്ഥാനത്ത് പ്രതിപക്ഷമെന്നൊന്ന് ഇല്ലന്നും കെ.എം. മാണി വിമര്‍ശിച്ചു.