തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്‍ദ്ദേശത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങ് തന്ത്രം.
യുഡിഎഫുമായുള്ള പൊക്കിള്‍ കൊടി ബന്ധം വിച്ഛേദിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നതിനാല്‍ സ്വയം രക്ഷയും പാര്‍ട്ടി രക്ഷയും മുന്‍നിര്‍ത്തിയാണ് തന്ത്രപരമായ നീക്കം.
യുഡിഎഫിന്റെ ഭാഗമല്ലാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുക വഴി ഇടത് സര്‍ക്കാരിന്റെ ‘പകപോക്കലില്‍’ നിന്നും രക്ഷ നേടാമെന്നും വിജിലന്‍സ് അന്വേഷണങ്ങളില്‍ കുരുക്ക് വീഴാതെ കാക്കാന്‍ അത്തരമൊരു ഇരിപ്പിടം വഴിയൊരുക്കുമെന്നുമാണ് പ്രധാന കണക്ക്കൂട്ടല്‍.
യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പോലും രമേശ് ചെന്നിത്തലയുടെ കസേരയിളക്കാന്‍ അത്തരമൊരു നിലപാട് സഹായകരമാവുമെന്നാണ് മറ്റൊരു കണക്ക്കൂട്ടല്‍.
ചെന്നിത്തലയേക്കാള്‍ വലിയ ഒരു ‘തല’ ബാര്‍ കേസില്‍ മാണിയെ കുരുക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന് മാണിയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ ആന്റണി രാജു ആരോപിച്ചിട്ടുണ്ടെങ്കിലും മാണി ലക്ഷ്യമിടുന്നത് ചെന്നിത്തലയെ തന്നെയാണ്.
കേരള കോണ്‍ഗ്രസ്സില്ലാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് മുന്നോട്ട് പോവാന്‍ കഴിയാത്തതിനാല്‍ ഒടുവില്‍ കാര്യങ്ങള്‍ തന്റെ വഴിക്ക് തന്നെ വരുമെന്നാണ് മാണി കണക്ക്കൂട്ടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പാവുമ്പോള്‍ ഇടത്പക്ഷത്തിനോ ബിജെപിക്കോ കൈ കൊടുത്താല്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പാവുമ്പോള്‍ തിരിച്ച് യുഡിഎഫില്‍ ചേക്കേറാമെന്ന മുന്‍ധാരണയും അദ്ദേഹത്തിണ്ട്.
പ്രത്യേക ബ്ലോക്കായി ഇരിക്കുക എന്നതിനപ്പുറം മറ്റേത് തീരുമാനമെടുത്താലും കേരള കോണ്‍ഗ്രസ്സില്‍ പിളര്‍പ്പ് ഉറപ്പാണെന്ന് ചരല്‍ക്കുന്നില്‍ ക്യാംപ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ചില നേതാക്കള്‍ മാണിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് കടുത്ത തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയത്.
ഇനി കേരള കോണ്‍ഗ്രസിന്റെ ഈ ‘ബ്ലോക്ക്’ ഒഴിവാക്കണമെങ്കില്‍ ചെന്നിത്തലയെ ബലി കൊടുക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പിലെ നേതാക്കള്‍ക്കിടയില്‍ ശക്തമായ ഭിന്നാഭിപ്രായമാണുള്ളത്.
ഒരു വിഭാഗം മാണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്ന നിലപാടെടുക്കുമ്പോള്‍ മറുവിഭാഗം മാണിയെ കൂടെ നിര്‍ത്തണമെന്ന നിലപാടുകാരാണ്.
എന്നാല്‍ എ ഗ്രൂപ്പും സുധീരനും മാണിയെ പ്രകോപിപ്പിക്കാതെ തന്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്.
മാണിയെ കിട്ടിയില്ലെങ്കില്‍ ജോസഫിനെയെങ്കിലും സഹകരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന നിലപാടിലാണ് ഈ വിഭാഗം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവട്ടെ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. മാണിയുടെ വിലപേശല്‍ ആത്യന്തികമായി തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
കേരള കോണ്‍ഗ്രസ്സ് ഇല്ലാതെ യുഡിഎഫിന് ഇനി അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ചെന്നിത്തലയെ മുന്‍നിര്‍ത്തി എന്തുതന്നെയായാലും യുഡിഎഫിന് മുന്നോട്ട് പോവാന്‍ കഴിയില്ലെന്നാണ് എ ഗ്രൂപ്പിന്റെയും നിഗമനം.
മാണിയെ കൂട്ടാത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന നിലപാടിലാണ് മുസ്ലീംലീഗും.