കോട്ടയം: നിയമസഭ തെരഞ്ഞടുപ്പ് വിധിയിലുടെ സത്യം ജയിച്ചതായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി പറഞ്ഞു. ബാര്‍ കോഴ കേസ് ഉയര്ന്നപ്പോഴേ താന്‍ പറഞ്ഞിരുന്നതാണ് ആത്യന്തികമായി സത്യം ജയിക്കുമെന്ന്. ഇപ്പോള്‍ സത്യം ജയിച്ചു. അതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
തുടര്‍ച്ചയായി 13 തവണ പാലായില്‍ നിന്ന് താന്‍ ജയിക്കുകയാണ്. ഇത്തവണയും ജയിച്ചു. പാലായിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന് അറിയാമായിരുന്നു. തന്റെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് വരെ പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് നീചമായി ആക്രമിച്ചുവെന്നും മാണി പറഞ്ഞു.