കെ.എം.മാണിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലായില്‍

km mani

കോട്ടയം : അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ബുധനാഴ്ച രാവിലെ കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും.

രാവിലെ പത്തിന് കേരള കോണ്‍ഗ്രസ് ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷം തിരുനക്കര മൈതാനത്തേക്ക് മാറ്റും. ഇവിടെ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്.

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണസമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണി അടക്കമുള്ള മക്കളും മരുമക്കളും പേരക്കുട്ടികളും മാണിക്കൊപ്പമുണ്ടായിരുന്നു.

Top