Km Mani issue-cpi-executive- no-alliance with kerala congress

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സിനെയും മുസ്ലീംലീഗിനെയും ഒരു കാരണവശാലും ഇടതുപക്ഷത്തേക്ക് അടുപ്പിക്കരുതെന്നും ഇത്തരം നീക്കമുണ്ടായാല്‍ ചെറുക്കണമെന്നും സിപിഐ നേതൃയോഗത്തില്‍ തീരുമാനം.

കെഎം മാണിക്കെതിരായ അഴിമതി ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

മാണിയോട് പ്രശ്‌നാധിഷ്ഠിത പിന്‍തുണ തേടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സിപിഎം നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് സിപിഐ കുറ്റപ്പെടുത്തി. മാണിയുടെ ബജറ്റ് പോലും ഇടത് മുന്നണി അംഗീകരിച്ചിട്ടില്ലെന്നും യോഗത്തില്‍ സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കേരള കോണ്‍ഗ്രസ്സിനെ ഇടതുപക്ഷത്തോട്ട് കൊണ്ട് വരാനും ലീഗിനോടുള്ള മനോഭാവത്തില്‍ സിപിഎം നേതൃത്വം മാറ്റം വരുത്തുന്നതും ‘അപകട’മാണെന്ന് കണ്ടാണ് സിപിഐയുടെ ഒരു മുഴം മുന്‍പെയുള്ള പ്രതിരോധം.

രാജ്യത്ത് കേരളത്തിലും ത്രിപുരയിലും മാത്രം ഭരണം കൈയ്യാളുന്ന ഇടതുപക്ഷത്തിന് ബംഗാളില്‍ അടുത്ത കാലത്തൊന്നും തിരിച്ച് വരാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണ്.

അതിനാല്‍ തന്നെ ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും സഹകരിപ്പിക്കുക എന്നതാണ് സിപിഎം നേതൃത്വത്തിന്റെ തന്ത്രം.

എന്നാല്‍ ഇത് സിപിഐയുടെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന് കണ്ടാണ് എതിര്‍പ്പുമായി സംസ്ഥാന എക്‌സിക്യൂട്ടീവ് തന്നെ രംഗത്തെത്തിയിട്ടുള്ളത്.

ഇടതുപക്ഷ ഭരണം മുന്നോട്ട് കൊണ്ടുപോവാന്‍ സിപിഐയുടെ സഹകരണം അനിവാര്യമാണെങ്കിലും കേരള കോണ്‍ഗ്രസ്സിനെയോ ലീഗിനെയോ സഹകരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ പിന്നെ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണി ഉണ്ടാവില്ല.

സിപിഐക്ക് സംസ്ഥാനത്ത് ഉള്ളതിനെക്കാള്‍ ശക്തി ലീഗിനും കേരള കോണ്‍ഗ്രസ്സിനും സ്വന്തം നിലക്ക് ഉള്ളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാവുമ്പോഴേക്കും സിപിഐയെ സിപിഎം അവഗണിക്കാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നുണ്ട്.

അസംതൃപ്തരായ സിപിഎം പ്രവര്‍ത്തകരെ കൂട്ടത്തോടെ സിപിഐയിലേക്ക് സ്വാഗതം ചെയ്യുന്ന സിപിഐ നേതൃത്വത്തിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുള്ള സിപിഎമ്മിലെ പ്രമുഖ വിഭാഗത്തിന് സിപിഐയുമായുള്ള സഹകരണത്തേക്കാള്‍ ഭേദം മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുന്നതാണെന്ന അഭിപ്രായമാണുള്ളത്.

ഈ വിഭാഗമാണ് കേരള കോണ്‍ഗ്രസ്സിനെയും ലീഗിനെയും സഹകരിപ്പിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വാദിക്കുന്നത്.

കേരള കോണ്‍ഗ്രസ്സുമായി സഹകരിച്ച് തുടങ്ങിയാല്‍ തന്നെ സിപിഐയുടെ വിലപേശല്‍ തന്ത്രവും ‘ധിക്കാരവും’ അവസാനിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

ആര്‍എസ്പി സംസ്ഥാന നേതൃത്വം യുഡിഎഫിലും അഖിലേന്ത്യാ നേതൃത്വം ഇടതുമുന്നണിയിലും തുടരുന്ന ‘അപൂര്‍വ്വ’ സാഹചര്യം ഭാവിയില്‍ സിപിഐയുടെ കാര്യത്തിലും ഉണ്ടാവാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ സിപിഐ യുഡിഎഫുമായി സഹകരിച്ചാലും ഭരണത്തുടര്‍ച്ചക്ക് തടസ്സമൊന്നും ഉണ്ടാകില്ലെന്നാണ് സിപിഎം നേതൃത്വത്തിലെ പൊതുവെയുള്ള വിലയിരുത്തല്‍.

Top