km mani not responding to remesh chennithala’s call

തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം)നെ അനുനയിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം തുടരുന്നു.

അനുനയനത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.എം.മാണിയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാന്‍ മാണി തയ്യാറായില്ല.

തിരക്കിലാണെന്നും പിന്നീട് സംസാരിക്കാമെന്നുമായിരുന്നു നിസംഗ ഭാവത്തിലുള്ള മാണിയുടെ മറുപടി.

ഇതോടെ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ അങ്കലാപ്പിലായി. അതേസമയം, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കാലം ചേര്‍ന്നു പോവാനാവില്ലെന്നാണ് മാണിയുടെ നിലപാട്.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയിലും ധാരണയായിട്ടുണ്ട്.

അതിനിടെ പ്രശ്‌ന പരിഹാരത്തിന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ശ്രമം നടത്തുന്നുണ്ട്. ബാര്‍ കോഴക്കേസില്‍ തന്നെ കുടുക്കിയെന്നാണ് മാണിയുടെ പ്രധാന പരാതി.

ഇതിന് പിന്നില്‍ ചെന്നിത്തലയാണെന്നും മാണി കരുതുന്നു. എന്നാല്‍, മാണിയുടെ ഇപ്പോഴത്തെ നീക്കത്തിന് മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അതിലൊന്ന് എല്‍. ഡി. എഫ്. സര്‍ക്കാരുമായി അടുക്കുക എന്നതാണ്.

ഇപ്പോള്‍ മന്ത്രിസ്ഥാനം കിട്ടാനല്ല ഈ ശ്രമം. കേസുകളില്‍ നിന്ന് ഊരിപ്പോകുന്നതിന് വേണ്ടിയാണ്.

ബാര്‍കോഴ കേസില്‍ മാണിക്ക് അനുകൂലമായ നിലപാടാണ് ഇടതു ഭരണത്തിലും മുഖ്യമന്ത്രി പിണറായി കൈയ്യാളുന്ന വിജിലന്‍സില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതില്‍ മാണി തൃപ്തനുമാണ്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മാണി ബഡ്ജറ്റിലെ ചില നികുതി നിര്‍ദ്ദേശങ്ങളില്‍ അഴിമതി കണ്ടെത്തിയുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇടതു മുന്നണിയുടെ പിന്തുണ ഉണ്ടെങ്കിലേ ഈ കേസുകളില്‍ നിന്ന് മുഖം രക്ഷിക്കാനാന്‍ കഴിയൂ എന്നറിയാവുന്ന കെ.എം.മാണിയുടെ ഒരു മുഴം മുമ്പേയുള്ള എറിയാണ് ഇപ്പോള്‍ നടക്കുന്ന നാടകങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബാര്‍കോഴ ഗൂഢാലോചനയില്‍ രമേശ് ചെന്നിത്തലയുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ ഈ മാസം 6,7 തീയതികളില്‍ നടക്കുന്ന ചരല്‍ക്കുന്നു ക്യാമ്പില്‍ എല്ലാ രാഷ്ടീയ സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.

Top