കോട്ടയം: ഖേദം പ്രകടിപ്പിക്കാനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. തെറ്റായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് മാണി യു.ഡി.എഫ് വിടുമ്പോള്‍ കോണ്‍ഗ്രസിനു നേരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഇപ്പോള്‍ മാണിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്. ആരോപണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.
ചിലര്‍ വല്യേട്ടന്‍ മനോഭാവം കാണിച്ചു, അതുകൊണ്ടാണ് ഇടയ്ക്കു ഞങ്ങള്‍ വിട്ടു പോന്നത്. എന്നാല്‍ അന്നു വിട്ടുപോകാനുള്ള കാരണം ഇപ്പോള്‍ ഇല്ലാതായി. കോണ്‍ഗ്രസിലെ എല്ലാ മുതിര്‍ന്ന നേതാക്കളും പാലായിലേക്കു വന്നു. സൗഹൃദാന്തരീക്ഷം ഉണ്ടായതിനെത്തുടര്‍ന്നാണു തിരികെയെത്തിയത്. അതിനിടെ ഇടതുമുന്നണിയില്‍ ചേരാന്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായില്ലന്നും മാണി പറഞ്ഞു.
ഇനിയും യുഡിഎഫില്‍ പാര്‍ട്ടിയോടു പരിഗണന കുറഞ്ഞാല്‍ പ്രതികരിക്കും. കേരള കോണ്‍ഗ്രസിനു പ്രതികരണശേഷി ഒരിക്കലും നഷ്ടപ്പെടില്ലെന്നും മാണി പറഞ്ഞു.