കൊച്ചി :കോഴി കോഴക്കേസില്‍ മുന്‍മന്ത്രി കെഎം മാണിക്കെതിരെ കൂടുതല്‍ തെളിവുമായി വിജിലന്‍സ് ഹൈക്കോടതിയില്‍. നികുതിയിളവ് നല്‍കാന്‍ മാണി നേരിട്ട് ഇടപ്പെട്ടതിന്റെ തെളിവുകളാണ് വിജിലന്‍സ് സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചത്.
അഞ്ചു ലക്ഷം രൂപയ്ക്കു മേലുള്ള കേസുകളില്‍ പിഴ സ്‌റ്റേ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണ്. എന്നാല്‍ അത് മറികടന്ന് 64 കോടിയുടെ പിഴ മാണിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്‌റ്റേ ചെയ്യുകയായിരുന്നു.
പിഴ സ്‌റ്റേ ചെയ്തതായി മാണി ഫയലില്‍ എഴുതുകയും അത് റവന്യൂ മന്ത്രിക്ക് കൈമാറുകയുമായിരുന്നു. സ്‌റ്റേ ചെയ്ത കാര്യം റിക്കവറി ചുമതലയുള്ള മുകുന്ദപുരം തഹസീല്‍ദാരെ അറിയിക്കുകയും ചെയ്തു. ഈ ഫയലാണ് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
അഡ്വ. നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തോംസണ്‍ ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തിയതായി വാണിജ്യ നികുതി വകുപ്പ് കണ്ടെത്തുകയും 64 കോടി രൂപ പിഴയടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
പിന്നീട്, പിഴ അടയ്ക്കുന്നതില്‍ നിന്നൊഴിവാക്കാന്‍ മാണി ഡെപ്യൂട്ടി കമ്മീഷണറെ നിയോഗിച്ചു. കമ്പനി നല്‍കിയ അപ്പീലില്‍ പിഴ ഒഴിവാക്കി. ഇതിനായി മാണി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് നോബിളിന്റെ പരാതി.