KM MANI’S STATEMENT ABOUT NEW DECISION

പത്തനംതിട്ട: നിയമസഭയില്‍ യുഡിഎഫിന്റെ കൂടെ ഇരിക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് മാണിയുടെ നിര്‍ദേശം

യുഡിഎഫില്‍ ഇനി നിന്നിട്ട് കാര്യമില്ലെന്നു കെ.എം മാണി നേതാക്കളോടു പറഞ്ഞു.

ചരല്‍ക്കുന്നില്‍ പാര്‍ട്ടി ക്യാംപിനു മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മാണി നേതാക്കളോടു ഇക്കാര്യം പറഞ്ഞത്.

യുഡിഎഫ് ബന്ധം വിടുന്നു എന്ന സൂചന തന്നെയാണ് മാണി നല്‍കുന്നത്.

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ചരല്‍ക്കുന്ന് ക്യാംപിനു തുടക്കമാകും.

യുഡിഎഫിന്റെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും ഭാവി നിര്‍ണയിക്കുന്നതാണ് ചരല്‍ക്കുന്ന് ക്യാമ്പ്.

യുഡിഎഫ് വിടാനാണ് ക്യാമ്പില്‍ ഭൂരിപക്ഷം തീരുമാനിക്കുന്നതെങ്കില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ മാണിക്കും സാധിക്കില്ല.

അതേസമയം, മാണിയെ അനുനയിപ്പിക്കാനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ അവസാനവട്ട നീക്കവും പാളി.

മാണി ഇതുവരെ യുഡിഎഫ് നേതൃത്വത്തിനു പിടികൊടുത്തിട്ടില്ല.

മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ഉമ്മന്‍ചാണ്ടിയെ ആണ് ഏല്‍പിച്ചിട്ടുള്ളത്.

എന്നാല്‍, ഉമ്മന്‍ചാണ്ടി ഇന്നലെ കോട്ടയത്ത് എത്തിയെങ്കിലും മാണിയെ കാണാന്‍ സാധിച്ചില്ല.

ക്യാമ്പിന്റെ സമയമടുക്കുന്നതോടെ യുഡിഎഫിന്റെ ഹൃദയമിടിപ്പും വര്‍ധിക്കുന്നു.

പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 225 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുക.

ബാര്‍കോഴ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാണ് മുഖ്യ ആരോപണമെങ്കിലും വേറെയും കാരണങ്ങളുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

ഘടകകക്ഷിയെന്ന നിലയില്‍ അവഗണിച്ചു, പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെ കുറ്റപത്രം നീളുന്നു.

രമേശ് ചെന്നിത്തലയെ മാണി ഗ്രൂപ്പ് കടന്നാക്രമിക്കുന്നതിനെതിരെ ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

ഇവരെ അവഗണിക്കാനായിരുന്നു പാര്‍ട്ടി നേതാക്കള്‍ക്ക് മാണി നല്‍കിയ നിര്‍ദ്ദേശം.

Top