കെ.എം ഷാജിക്ക് നാളത്തെ നിയമസഭയില്‍ പങ്കെടുക്കാം, നിയമസഭ സെക്രട്ടറിയുടെ ഉത്തരവ്

km shaji

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയ്ക്ക് നാളെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് നിയമസഭ സെക്രട്ടറി വി.കെ ബാബുപ്രകാശ്. ഹൈക്കോടതി അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

കെ.എം. ഷാജിയെ നിയമസഭാസമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജിയുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കി നിയമസഭ സെക്രട്ടറി ഉത്തരവിറക്കിയത്.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം.ഷാജി നാളെ സഭയിലെത്തുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

നാളെ മുതല്‍ ഹാജര്‍ കണക്കാക്കണം. ഇല്ലെങ്കില്‍ സുപ്രികോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കത്തില്‍ അറിയിച്ചിരുന്നു. കോടതിയുടെ ഇന്നത്തെ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതമാണ് കത്ത് നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം.

അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു

Top