കെ.എം ഷാജി വീണ്ടും മുൾ മുനയിൽ, ഷാജിക്കെതിരായുള്ള വിജിലൻസ് അന്വേഷണം തുടങ്ങി

കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം സ്പെഷല്‍ സെല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്വത്ത് വിവരം സംബന്ധിച്ച് പൂര്‍ണമായ രേഖകള്‍ ശേഖരിച്ചിട്ടാകും ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യങ്ങൾ തീരുമാനിക്കുക. ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകള്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ബാങ്ക് ഇടപാടുകള്‍ വിജിലന്‍സ് സംഘം നേരിട്ട് പരിശോധിക്കും. ഒരുമാസത്തിനുള്ളില്‍ ഷാജിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. പ്രഥമ ദൃഷ്ടാ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയെ സമീപിച്ച അഭിഭാഷകന്‍ ഹരീഷിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.

കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഷാജിയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഷാജിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ശമ്പളമില്ലാത്ത എം.എല്‍.എയായി തുടരുമ്പോഴും ഷാജിയുടെ വരുമാനത്തിന് കുറവില്ല. ഈമാസം പത്തിനാണ് അഭിഭാഷകന്‍ ഹരീഷിന്റെ പരാതിയില്‍ ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

Top