കണ്ണൂര്‍: 2017ല്‍ അഴിക്കോട് സ്‌കൂളിന് ഹയര്‍സെക്കന്ററി അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം കോഴവാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് ഇന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചേക്കും. കണ്ണൂര്‍ ഡിവൈഎസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.
ലോക്ഡൗണ്‍ ആയതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനപ്പുറം കൂടുതല്‍ അന്വേഷണത്തിലേക്ക് ഇപ്പോള്‍ കടക്കില്ലെന്ന് വിജിലന്‍സ് അറിയിച്ചു. കെ എം ഷാജിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് ഇന്നലെ നിയമോപദേശം തേടിയിരുന്നു.
ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിനയച്ച കത്ത് ആധാരമാക്കി സിപിഎം നേതാവ് കൊടുവന്‍ പത്മനാഭനാണ് 2017ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമര്‍ശിച്ചതിന് പിന്നാലെ ഷാജിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണ് എന്നാണ് യുഡിഎഫിന്റെ ആരോപണം.