കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ വധഭീഷണിയെന്ന് ഡിജിപിക്ക് പരാതി നല്‍കി കെഎം ഷാജി എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയതാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്. എംഎല്‍എയുടെ സെക്രട്ടറി ഫെയ്‌സ്ബുക്കിലെ വധ ഭീഷണിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് നേരിട്ട് ഡിജിപി ഓഫീസില്‍ എത്തി പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂര്‍ പൊലീസെത്തി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കുമെന്നാണ് സൂചന.
അതേസമയം കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍ പൊലീസില്‍ പരാതി നല്‍കി. കൊവിഡ് 19 നെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്നെന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് മുജീബ് റഹ്മാന്റെ പരാതി.