ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍

sreeramakrishnan

തിരുവനന്തപുരം : മുസ്ലിം ലീഗ് എം.എല്‍.എ കെ.എം.ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ നടപടിയാണ് എടുത്തതെന്ന ഷാജിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അറിയിച്ചു.

ഹൈക്കോടതി വിധി വന്നതിനുശേഷം കീഴ്വഴക്കങ്ങളും നിയമങ്ങളും അനുസരിച്ചാണ് നോട്ടീസ് നല്‍കിയത്. പത്താം നിയമസഭയുടെ കാലയളവില്‍ തമ്പാനൂര്‍ രവിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയപ്പോഴും സമാനമായ നടപടികളാണ് എടുത്തിട്ടുള്ളത്. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തപ്പോള്‍ സഭയില്‍ പ്രവേശിക്കാമെന്ന് വീണ്ടും നോട്ടീസ് നല്‍കി. ഇതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും സ്പീക്കര്‍ വിശദീകരിച്ചു.

കാര്യമറിയാതെ കെ.എം.ഷാജി നിമസഭാ സെക്രട്ടറിയേറ്റിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചഴയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയ പ്രേരിതമാണ് കാര്യങ്ങളെന്ന് പറയുന്നത് ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്നും അംഗത്വം റദ്ദാക്കി ഉത്തരവിറക്കാന്‍ സഭാ സെക്രട്ടറി തിടുക്കം കാട്ടിയെന്നും അഴീക്കോട് എംഎല്‍എ കെ.എം. ഷാജി നേരത്തെ പറഞ്ഞിരുന്നു.

നിയമസഭാംഗത്തിന്റെ അംഗത്വം ഇല്ലാതാക്കാന്‍ രാഷ്ട്രപതിക്കാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു. അങ്ങനെയായിരിക്കെ സഭാ രജിസ്റ്ററില്‍നിന്നും തന്റെ പേര് തിടുക്കപ്പെട്ട് നീക്കം ചെയ്തത് രാഷ്ട്രപതിയുടെ അധികാരം കവര്‍ന്നെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അംഗത്വം റദ്ദക്കാന്‍ അടക്കം നടന്ന കള്ളക്കളി പുറത്തുകൊണ്ടുവരാന്‍ നിയമപരമായ പോരാട്ടം നടത്തുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

Top