അയോഗ്യതയ്ക്ക് കാരണമായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്ന്; കെ.എം.ഷാജി ഹൈക്കോടതിയില്‍

km-shaji

കൊച്ചി: അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് കെ.എം.ഷാജിയ്ക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്നുള്ള രേഖ പുറത്തായി. ഇതു സംബന്ധിച്ച് കെ.എം.ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച് വളപട്ടണം എസ്.ഐ ആയിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വര്‍ഗീയ പരാര്‍ശമുള്ള നോട്ടീസ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതാണെന്ന് തെളിയിക്കുന്ന രേഖ വളപട്ടണം പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തെന്നായിരുന്നു എസ്‌ഐ നല്‍കിയ മൊഴി. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഷാജിയുടെ ഹര്‍ജിയില്‍ എസ്‌ഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

മുസ്‌ളിം ലീഗ് എംഎല്‍എ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി. വര്‍ഗീയത പ്രചരിപ്പിച്ചെന്ന കാരണത്താലാണ് നടപടി.

Top