വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രചരണങ്ങല്‍ വസ്തുതാവിരുദ്ധമെന്ന് കെ.എം.ആര്‍.എല്‍

കൊച്ചി: വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വസ്തുതാവിരുദ്ധമായ പ്രചരണങ്ങളാണെന്ന് കെ.എം.ആര്‍.എല്‍. മട്ടാഞ്ചേരി ടെര്‍മിനലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റീ-ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. നിര്‍മാണം സംയബന്ധിതമായി തുടങ്ങുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കരാര്‍ കമ്പനിയായ മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറില്‍ നിന്ന് മട്ടാഞ്ചേരി ടെര്‍മിനല്‍ കെ.എം.ആര്‍.എല്‍. മുന്‍പുതന്നെ മാറ്റിയിരുന്നെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി.

ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി മാത്രമാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത മേരി മാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആര്‍.കെ. മെഷീന്‍ ടൂള്‍സ് ലിമിറ്റഡിന് ചില ജോലികള്‍ സബ് കോണ്‍ട്രക്റ്റ് നല്‍കിയത്. മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ള മറ്റ് ടെര്‍മിനലുകളില്‍ ഒന്നുംതന്നെ ആരോപണ വിധേയരായ കമ്പനിക്ക് സബ് കോണ്‍ട്രാക്റ്റ് നല്‍കിയതായി അറിയില്ലെന്നും കെ.എം.ആര്‍.എല്‍. വ്യക്തമാക്കുന്നു.

ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കെ.എം.ആര്‍.എല്‍., ജനറല്‍ കണ്‍സള്‍ട്ടന്റ് ആയ എഇകോം എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. നിര്‍മാണത്തില്‍ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കരാര്‍ കമ്പനിയായ മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മുഖാന്തരം അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും കെ.എം.ആര്‍.എല്‍. വ്യക്തമാക്കി.

ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിര്‍മാണ കമ്പനിയായ മേരി മാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ഉപകരാര്‍ നല്‍കിയ കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തിരുന്നു. മേരി മാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കെ.എം.ആര്‍.എല്‍. രംഗത്തെത്തിയത്.

Top