കൊച്ചി മെട്രോ രണ്ടാം ഘട്ടം അടുത്ത 2 വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് കെഎംആർഎൽ

കൊച്ചി: മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോ രണ്ടാം ഘട്ടം പദ്ധതിക്കുള്ള കേന്ദ്ര ഉത്തരവ് വന്നതോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുന്നോട്ട് പോകുന്നത്. എന്നാൽ കെഎംആർഎല്ലിന് മുന്നിലുള്ള പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകർ ആരെന്നതിലും വരും ദിവസങ്ങളിൽ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറയുന്നു.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11.25 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകൾ ഈ ദൂരത്തിൽ ഉണ്ടാകും. 1957 കോടി രൂപയാണ് പദ്ധതിക്ക് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കുറി കെഎംആർഎൽ തന്നെയാണ് നിർമ്മാണം ഏറ്റെടുക്കുന്നത്. കൊച്ചി മെട്രോ ഓടിക്കാൻ മാത്രമല്ല മെട്രോ നിർമ്മാണവും അറിയാമെന്ന് തെളിയിക്കേണ്ട പരീക്ഷണ ദിനങ്ങളാണ് കെഎംആർഎല്ലിന് മുന്നിലുള്ളത്.

കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയാക്കിയത് ഡിഎംആർസിയായിരുന്നു. രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ സ്വന്തം മെട്രോ സ്വന്തമായി തന്നെ നിർമ്മിക്കാമെന്ന ആത്മവിശ്വാസം കെഎംആർഎൽ പ്രകടിപ്പക്കുന്നു. എങ്കിലും മുന്നിലുള്ള പ്രധാന പ്രശ്നം ചിലവാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച 1957 കോടി രൂപയിൽ അടുത്ത രണ്ട് വർഷം കൊണ്ട് മെട്രോ നിർമ്മാണം പൂർത്തിയാകുമോയെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

കൊച്ചി മെട്രോ നിർമ്മാണത്തിന് മുന്നോടിയായുള്ള റോഡ് നവീകരണവും പ്രാഥമിക പ്രവർത്തികളും 80 ശതമാനം പൂർത്തിയായെന്ന് എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പൈലിങ്ങുമായി ബന്ധപ്പെട്ട ജിയോ ടെക്നിക്കൽ സർവെയും നടക്കുന്നുണ്ട്. സ്റ്റേഷനുകളിലേക്കുള്ള ഭൂമിയേറ്റെടുക്കലാണ് കുരുക്ക്. എട്ട് മാസം കൊണ്ട് ഈ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. ഇതിനുള്ള തുക അനുവദിക്കുന്നതിൽ താമസമുണ്ടാകില്ലെന്നാണ് സർക്കാരിന്‍റെ ഉറപ്പ്.

Top