തിരുവനന്തപുരം: ഇന്ധന വില കുത്തനെ ഉയരുമ്പോഴും സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് പ്രശ്നം എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മറ്റു പല സംസ്ഥാനങ്ങളും നികുതി ഉയര്‍ത്തിയപ്പോള്‍ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ കാലത്ത് നികുതി വര്‍ധിച്ചത് 94 % ആണെന്നും 13 തവണ നികുതി കൂട്ടിയത് മറക്കരുതെന്നും കെ.എന്‍ ബാലഗോപാല്‍ ഓര്‍മിപ്പിച്ചു. എല്‍.ഡി.എഫ് കാലത്ത് 15% മാത്രമാണ് നികുതി. എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ല, മറിച്ച് മുമ്പത്തെക്കാള്‍ കുറയ്ക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.
കൊവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചു. കേരളം വര്‍ധിപ്പിച്ചില്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ നികുതി കൂടുതലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാള്‍ വളരെ കൂടുതലാണ് പെട്രോള്‍ വില.
പെട്രോള്‍- ഡീസല്‍ അധിക നികുതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തയാറാകണം എന്ന് ആവശ്യപ്പെട്ടുകാണ്ട് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.